top of page

ആഘോഷങ്ങളുടെ നടുവിൽ ഒറ്റപ്പെടുന്ന മനസ്സ് | Depression & Grief (Malayalam)

  • Writer: Britton vazhappilly
    Britton vazhappilly
  • Mar 4
  • 1 min read

സുല്ല് പറയാൻ പറ്റാത്ത ഓട്ടപ്രാന്തിയിൽ നട്ടപ്രാന്ത് പിടിക്കുമ്പോൾ എനിക്കെന്നെ മറക്കാൻ ചുറ്റിലും തിരക്ക് വേണം. തിരക്ക് കൂട്ടണം. കൂട്ടത്തിൽ കൂടണം. കൂട്ടത്തിൽ തുള്ളണം. കൂട്ടമാകണം. കൂട്ടമാകാൻ ഇന്നെനിക്കു ഒരു ആഘോഷം വേണം...


ആഘോഷങ്ങൾ ഏറെയും ഒത്തുകൂടലുകൾ. കൂടിച്ചേരലുകൾ. കയറിച്ചെല്ലലുകൾ. പങ്കുവെയ്ക്കലുകൾ. കൊണ്ടാടലുകളൊക്കെ ആകുമെങ്കിലും, ഒറ്റപ്പെലുകൾ, നഷ്ടപ്പെടലുകൾ, സങ്കടപ്പെടലുകൾ, നിരാശപ്പെടലുകൾ, അവഗണിക്കപ്പെടലുകൾ, ഉപേക്ഷിക്കപ്പെടലുകൾ അമ്മാതിരി ഒരു "പ്പെടലുകൾ" ഉം ആകില്ല എന്നു ഏകദേശം ഒരുറപ്പ് ഉള്ളപ്പോഴും ആ "പ്പെടലുകൾ" മാത്രമാകുന്നു പലർക്കും ആഘോഷങ്ങൾ. അങ്ങനെ ആഘോഷം മരിച്ച മനസ്സുകൾ ഒരു വശത്തും, മരിച്ചാഘോഷിക്കുന്ന മനസ്സുകൾ മറുവശത്തും.


കാണിക്കലും, കാണിച്ചുകൂട്ടലും, കാണിച്ചുകൂട്ടലിന്റെ മത്സരമായും ഓരോ ആഘോഷങ്ങൾ മാറുമ്പോൾ എല്ലാവരും മുറുകെ പിടിക്കുന്നത് ഒരൊറ്റ രാഷ്ട്രീയം, ഉള്ളവനോട് ചേർന്ന് നിൽക്കുന്നതിൽ അഭിമാനവും, ഇല്ലാത്തവനോട് ചേർന്ന് നിൽക്കുന്നത് അപമാനവും ആയി മാറുന്ന അന്തസ്സിന്റെ രാഷ്ട്രീയം.


അവിടെ പിന്നെ കരുതലിന്റെ ചേർത്തുപിടിക്കലിനും, സ്നേഹത്തിന്റെ കയറി ചെല്ലലുകൾക്കും പ്രസക്തി ഇല്ല. പകരം അപ്രസക്തമായി ഒഴിവാക്കാക്കപ്പെടുന്ന ജീവിതങ്ങൾ മാത്രം.


ജനലഴികൾ ജയിലഴികളായി മാറിയ ജീവിതത്തിൽ നിന്ന് പുറത്തോട്ട് നോക്കുമ്പോൾ കാണുന്നതൊക്കെ കണ്ണ് പുളിക്കുന്ന വെളിച്ചവും, കേൾക്കുന്നതൊക്കെ അസഹനീയമായ ശബ്ദകോലാഹലങ്ങളും. ഏറ്റവും കൂടുതൽ ഒച്ചപ്പാടുണ്ടാക്കുന്നവർ ഏറ്റവും നന്നായി ആഘോഷിച്ചതിന്റെ മാനദണ്ഡമാകുമ്പോൾ വെളിച്ചം വെളിച്ചമലിനീകരണവും, ശബ്ദം ശബ്ദമലിനീകരണവുമാകുന്നു. കണ്ണ് പുളിക്കട്ടെ. ചെകിട് പൊട്ടട്ടെ. ശ്വാസം മുട്ടട്ടെ. ജനൽ തറമ്പട്ടെ. കിടപ്പുരോഗികൾ കിടക്കയുമെടുത്തു ഓടട്ടെ.


ഒടുവിൽ ആഘോഷങ്ങൾ കൊടിയിറങ്ങുമ്പോൾ മനസ്സിൽ കൊടികയറുന്ന ശൂന്യതയെ നിറക്കാൻ എനിക്കിനിയും ഓടണം, എന്നിൽ നിന്നിറങ്ങി കൂട്ടത്തിലേക്ക്, കൂട്ടത്തിന്റെ തിരക്കിലേക്ക്, തിരക്കിട്ട ആഘോഷത്തിലേക്ക്...


പള്ളി പെരുന്നാളിന്റെ ദീപാലങ്കാരം നേരെ മുന്നിലെ സെമിത്തേരി കല്ലറകളിൽ തളം കെട്ടി കിടക്കുന്നതു പോലെയാകുന്നുണ്ട് ആഘോഷങ്ങൾ മരിച്ച എൻ്റെ മനസ്സിന് ഓരോ ആഘോഷവും. ഇരുട്ടിൽ, സെമിത്തേരിയിലെ വിജനതയിൽ അമ്മയുടെ കല്ലറക്കരികെ നിന്ന് നേരെ മുന്നിലെ പള്ളി പെരുന്നാളിന്റെ ആഘോഷങ്ങൾ നോക്കി കാണുമ്പോൾ ജീവനുള്ളത്കൊണ്ട് മാത്രം ജീവിതമാകുന്നില്ല എന്ന തിരിച്ചറിവിലും, ആകെ തകർന്ന് തരിപ്പണമായിടത്തു നിന്ന് ഇനി എന്ത് എന്ന നിസ്സഹായതയിലും ഞാൻ മുങ്ങി പോകുന്നുണ്ട്. അപ്പോഴും ഞാനിവിടെ ജീവനോടെ തന്നെയുണ്ട് എന്ന ഒട്ടും നിസ്സാരമല്ലാത്ത ആ വലിയ അറിവ് ചെറിയ രീതിയില്ലെങ്കിലും ഈ നിമിഷം എനിക്ക് ഉള്ളിൽ ആഘോഷമാകുന്നുണ്ട്.


സന്തോഷത്തിന്റെ പ്രഖ്യാപനം മാത്രമല്ലല്ലോ ആഘോഷം അതിജീവനത്തിന്റെ അംഗീകാരം കൂടിയല്ലേ ആഘോഷം?

നീ നിനക്ക് തന്നെ ആഘോഷമാകുന്ന ആ നിമിഷത്തേക്ക് നീ എത്തുന്നത് വരെ നിനക്ക് വേണ്ടുന്ന അത്രയും സ്നേഹം...


ചിലപ്പോൾ വായിക്കുന്നത് ഒരു ഭാരമായി തോന്നാം. അതേ സമയം ശബ്ദമായി കേൾക്കുമ്പോൾ ദൃശ്യമായി കാണുമ്പോൾ ഒറ്റയ്ക്കല്ല എന്നൊരു അനുഭവം തരുന്നു.


ഈ എഴുത്തിന്റെ ദൃശ്യ–ശബ്ദ രൂപം ഇവിടെ:




Comments


© 2024 BRITTON. 

bottom of page