top of page

നഷ്ടപ്പെട്ടിരിക്കുന്നവനോട് ചേർന്നിരിക്കണം

Writer: Britton vazhappilly
Britton vazhappilly
Mar 10
1 min read

പച്ചപിടിക്കാത്ത ജീവിതം, കറുപ്പ് പിടിച്ച മനസ്സുമായി നഷ്ടപ്പെട്ടിരിപ്പാണ്.

കരച്ചിലാകാൻ സമ്മതിക്കാതെ, സങ്കടങ്ങളിൽ മുങ്ങാൻ അനുവദിക്കാതെ, തിരക്കുകളിൽ ഒഴുകി നടന്ന ഒരു നിർവികാര മനസ്സ് — സങ്കടങ്ങൾ കടന്നതുമില്ല, ജീവിതത്തിൽ എത്തിയതുമില്ല, ജീവിതത്തിൽ നിന്ന് ഇറങ്ങി പോയതുമില്ല. അങ്ങനെ, ജീവിതത്തിലെവിടെയോ നഷ്ടപ്പെട്ട് സമയത്തിന് പാറാവിരുന്നു ഞാൻ.

വഴി തെറ്റലാണോ, വഴി മുട്ടലാണോ — അറിയില്ല. ഒന്നിനെപ്പറ്റിയും ഒരറിവില്ലാത്ത ഒരു അവസ്ഥ. ഒരു ഉത്തരവും കിട്ടാതെ ചോദ്യങ്ങൾ ലൂപ്പുണ്ടാക്കി കളിക്കുന്ന മനസ്സിന് കാവലെന്നോണം നഷ്ടപ്പെട്ടിരിക്കുന്നവൻ.

ആരോടെങ്കിലും സംസാരിച്ചു തെറ്റിദ്ധരിക്കപ്പെടുന്നതിനേക്കാളും, വിധിക്കപ്പെടുന്നതിനേക്കാളും — എല്ലാ അവസ്ഥകളുടെയും അറ്റത്തു ചെന്ന് നിന്ന് മുന്നോട്ടായുമ്പോൾ ഉണ്ടാകുന്ന ആന്തലിൽ സ്വയം ഉറപ്പ് കൊടുക്കണം:ഞാനിപ്പോഴും ജീവനോടെയുണ്ടെന്ന്.

വാക്കുകൾക്ക് ഭാരമുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷെ, നഷ്ടപ്പെടൽ എന്ന വാക്കിന്റെ ഭാരം നഷ്ടപ്പെട്ടിരിക്കുന്നവനെ നോക്കിയാൽ അറിയാം.

ഒരു കാഴ്ചയിൽ ഒരു കാഴ്ചയുമില്ലാതെ നഷ്ടപ്പെട്ടിരിക്കുന്ന മനുഷ്യന്റെ മുഖത്ത് നോക്കിയാൽ ജീവിച്ച അത്രയും കാലത്തേ നഷ്ടങ്ങളും, കഷ്ടപ്പാടുകളും, സ്വപ്നങ്ങളും, നിരാശയും, സങ്കടങ്ങളും എല്ലാം കാണാം.

അപ്പോഴും ഒരു നെടുവീർപ്പോടെ തിരികെയെത്തുമ്പോൾ തിരയുന്നത് മുറുകെ പിടിക്കാൻ ഒരു പ്രതീക്ഷയായിരിക്കണം.

വിജയം ആഘോഷിക്കാനോ, തോൽവിയെ പരിഹസിക്കാനോ, ജീവിതം വിശദീകരിക്കാനോ എന്നെയോ നിന്നെയോ അളന്ന് വിലയിരുത്തി പണ്ടാരമടങ്ങാനോ അല്ലാതെ — നഷ്ടപ്പെട്ടിരിക്കുന്നവനോട് ചേർന്നിരിക്കണം.

ഒരു നെടുവീർപ്പിൽ തിരികെ എത്തുമ്പോൾ ഒരു അപരിചിതന്റെ ചിരി സമ്മാനിച്ച് കടന്നു പോകണം. ഒരു നിമിഷമെങ്കിലും അത് അവർക്കൊരു പ്രതീക്ഷയാകട്ടെ.

ഇനിയും വെളിച്ചം എത്താത്ത ഇടങ്ങളുണ്ട്.ഇനിയും മനസ്സിലാക്കപ്പെടാത്ത മനസ്സുകളുണ്ട്.ഇനിയും സ്നേഹിക്കപ്പെടാത്ത ഹൃദയങ്ങളുണ്ട്.ഇനിയും ജീവിക്കാത്ത ജീവനുകളുണ്ട്. അവിടേക്കാണ്, അവരിലേക്കാണ് —സ്നേഹം കൊണ്ടൊരു വഴി വെട്ടേണ്ടത്.

നിങ്ങൾ എന്നെ കണ്ടുമുട്ടരുത്.കണ്ടുപിടിക്കണം.

നിന്റെ മനസ്സിലാക്കൽ,നിന്റെ സ്നേഹം,നിന്റെ കരുതൽ —

എന്നിലേക്കുള്ള വഴികളാകട്ടെ.


Comments


© 2024 BRITTON. 

bottom of page